തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ച്ചയായി രണ്ടാം ദിവസവും നടന്ന ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടുനിന്നു. കഴിഞ്ഞ ദിവസം 14 മണിക്കൂറാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്.
രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടില്‍ തനിയ്ക്ക് പങ്കില്ലെന്നാണ് രവീന്ദ്രന്‍ ഇഡിയ്ക്ക് നല്‍കിയ മൊഴി. ശിവശങ്കറിന്റെ അനധികൃത ഇടപാടുകളെ സംബന്ധിച്ച് തനിയ്ക്ക് അറിവില്ലായിരുന്നു എന്നും രവീന്ദ്രന്‍ പറഞ്ഞു. രവീന്ദ്രനില്‍ നിന്ന് ഇഡി വിവാദ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളും തേടിയതായാണ് വിവരം.
ലൈഫ്മിഷന്‍, കെ ഫോണ്‍ പദ്ധതിയിലെ അനധികൃത ഇടപാടുകളും ഇടപെടലുകളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കൊപ്പം കള്ളപ്പണ – ഹവാല – ഡോളര്‍ കടത്ത് ഇടപാടുകളിലുള്ള ഉന്നത പങ്കാളിത്തത്തെ കുറിച്ചും ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്, എം ശിവശങ്കര്‍ എന്നിവരില്‍ നിന്ന് ലഭിച്ച നിര്‍ണായക മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
നവംബര്‍ 6, 27 തീയതികളിലും ഈ മാസം 10നും ചോദ്യം ചെയ്യലിനായി എത്താനുള്ള ഇഡി നോട്ടീസ് ലഭിച്ചെങ്കിലും മൂന്ന് തവണയും അസുഖ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിഞ്ഞു മാറിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഇഡി വീണ്ടും നോട്ടീസ് നല്‍കി കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയത്. ഇതിനിടെ ഇഡി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സി.എം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് സമയപരിധി വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.














Discussion about this post