തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറരലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് പ്രതികള്‍ അനുഭവിക്കണം. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്.
ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങളും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷത്തിനു ശേഷമാണു കേസില്‍ വിധി വരുന്നത്.
രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ നേരത്തെ വെറുതെ വിട്ടിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു.
കോട്ടയം ബിസിഎം കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായ സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27-നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരകുന്നില്‍ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. പിതാവ് തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച കേസില്‍ 1993 ജനുവരി 30ന് കോട്ടയം ആര്‍ഡിഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബര്‍ 19ന് അറസ്റ്റ് ചെയ്തു. ഇവരെ പ്രതികളാക്കി 2009 ജൂലൈ 17ന് സിബിഐ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.














Discussion about this post