തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും കര്‍മപരിപാടിക്ക് കഴിഞ്ഞുവെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് ഒന്നാം നൂറുദിന കര്‍മപരിപാടി അവസാനിച്ചത്. രണ്ടാംഘട്ട നൂറു ദിനപരിപാടി ഡിസംബര്‍ ഒമ്പതിന് തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ടാണ് ആ പെരുമാറ്റ ചട്ടം കഴിഞ്ഞശേഷം ഇത് പ്രഖ്യാപിക്കുന്നത്.
ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും. 2021 ജനുവരി ഒന്നുമുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറുരൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചിന് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. മഹാമാരിയുടെ കാലത്ത് കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടന്നിരുന്നില്ല. സൗജന്യകിറ്റ് നാല് മാസം കൂടി വിതരണം ചെയ്യും. കെ. ഫോണ്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post