കൊച്ചി: അഭയകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ ഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെടും.
28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്ക്കാ രാജു വര്‍ഷങ്ങള്‍ ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ഉന്നയിക്കും. കൊലക്കുറ്റത്തില്‍ പ്രതികള്‍ക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെടും.
ക്രിസ്മസ് അവധിയ്ക്ക് ശേഷം ജനുവരി നാലിന് ഹൈക്കോടതി തുറയ്ക്കുമ്പോള്‍ തന്നെ അപ്പീല്‍ നല്‍കും. അപ്പീല്‍ ഹര്‍ജിയില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടാനാണ് നീക്കം. ഡിസംബര്‍ 23 നായിരുന്നു അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിറ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്.














Discussion about this post