തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിയമത്തിനെതിരെ കേരളം നിയമം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ കേരളത്തെ അത് സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്ക്ക് ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷക ബില്‍ കര്‍ഷകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതാണെന്ന് പ്രമേയത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ഒ. രാജഗോപാല്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. കര്‍ഷക നിയമത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണുമെന്നും രാജഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ പിന്തുണയോടെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കി.














Discussion about this post