തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കായംകുളത്തെ വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് രാത്രി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രാത്രി 8.30 ഓടെ ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം. കവിതകളിലെ വേറിട്ടുള്ള നാടന്‍ ശീലുകള്‍ അനില്‍ പനച്ചൂരാന്റെ പ്രത്യേകതയായിരുന്നു. സ്വന്തം ആലാപന ശൈലി തന്നെ അനില്‍ പനച്ചൂരാന് ഉണ്ടായിരുന്നു. പുരോഗമകലാ സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങിനിന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു അദ്ദേഹം.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോരവീണ മണ്ണിലൂടെ’ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. കഥ പറയുന്‌പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്ന ഗാനം കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ചലച്ചിത്രഗാനരചനയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറബിക്കഥ, കഥ പറയുന്‌പോള്‍ , മാടന്പി , സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍ , മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം തുടങ്ങിയ നിരവധി സിനിമകള്‍ക്ക് ഗാനങ്ങളെഴുതി. സ്വന്തമായി കാട് എന്ന സിനിമ സംവിധാനം ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പി. ഭാസ്‌കരന്‍ സ്മാരക സുവര്‍ണമുദ്രാ പുരസ്‌കാരം ലഭിച്ചു. 1965 നവംബര്‍ 20ന് കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ച അനില്‍ ബാല്യകാലത്ത് മുംബെയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കായംകുളം ടി.കെ.എം.എം. കോളജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വകലാശാല എന്നിവയിലൂടെ പഠനം എംഎ (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അച്ഛന്‍: ഉദയഭാനു. അമ്മ: ദ്രൗപദി. ഭാര്യ: മായ.
Discussion about this post