തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാരി ദിവസങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
യുഡിഎഫ് തെരഞ്ഞെടുപ്പു മേല്‍നോട്ടസമിതി അധ്യക്ഷന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എംഎല്‍എ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ ആറു കേസുകളാണ് സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
കഴിഞ്ഞദിവസമാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും. 2018 ഒക്ടോബറിലാണ് ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരേ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരേയും ലൈംഗികപീഡനക്കേസ് ചുമത്തിയിട്ടുണ്ട്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലുംവച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ഇപ്പോള്‍ ബിജെപി നേതാവായ എ.പി. അബ്ദുളളക്കുട്ടിക്കെതിരേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
2017 സെപ്റ്റംബറില്‍ സോളാര്‍ കേസ് അന്വേഷണം നടത്തിയ ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിനു പിന്നാലെയാണ് പരാതിക്കാരി പുതിയ പരാതി നല്‍കിയത്. ഈ പരാതികളില്‍ അന്വേഷണം നടത്താന്‍ രണ്ടു സംഘങ്ങളെ രൂപീകരിച്ചെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചത്. പിന്നീട് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം കേസെടുത്ത് ആറു കേസും പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അന്വേഷണം നടത്തിവരുകയായിരുന്നു.
ആറ് കേസുകളിലും പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടയിലാണ് കേസുകള്‍ സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. കേസ് സിബിഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് യുഡിഎഫ് നേതാക്കളും, തീരുമാനത്തെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് നേതാക്കളും രംഗത്തെത്തി.
Discussion about this post