ന്യൂഡല്‍ഹി: കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങിയതോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നിന്നും ഡല്‍ഹി ശാന്തമാകുന്നു. എന്നാല്‍ ഏതാനും കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. ഇന്നു രാത്രിയോടു കൂടി കര്‍ഷകര്‍ പൂര്‍ണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.
ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് വെടിവയ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ഇതിനിടെ, ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
അതേസമയം, സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. രാവിലെ പതിനായിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post