തിരുവനന്തപുരം: മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് മുതലായവയിലും കേരള പോലീസിന് ഒന്നാം സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പോലീസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ‘ഇൻസ്റ്റിറ്റിയൂഷണൽ ഹിസ്റ്ററി ഓഫ് കേരള പോലീസ്’ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നൽകി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം കൃത്യമായി രേഖപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ കാലത്തെക്കുറിച്ച് വരുംതലമുറയ്ക്ക് അറിവു പകരുന്നതിന് കൃത്യമായ ഡോക്യുമെന്റേഷൻ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസിന്റെ ആദ്യരൂപം മുതൽ ഇപ്പോഴത്തെ ഘടനവരെ വ്യക്തമായി പ്രതിപാദിക്കുന്ന ഇൻസ്റ്റിറ്റിയൂഷണൽ ഹിസ്റ്ററി ഓഫ് കേരള പോലീസ് എന്ന പുസ്തകം തയ്യാറാക്കിയത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ മാത്രം അടങ്ങിയ സംഘമാണ്. 324 പേജുള്ള പുസ്തകത്തിൽ ഓരോ ജില്ലയിലേയും പോലീസിന്റെ ചരിത്രം വളരെ വിശദമായും വ്യക്തമായും രേഖപ്പെടുത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തേയും ഓരോ പോലീസ് സ്റ്റേഷനും വിവിധ പോലീസ് വിഭാഗങ്ങളും സ്ഥാപിതമായ വർഷം, വിവിധ ക്ഷേമപദ്ധതികളുടെ വിവരണം, വാഹനങ്ങളുടേയും ആയുധങ്ങളുടേയും വിവരങ്ങൾ, നേട്ടങ്ങൾ എന്നിവ ക്രമാനുഗതമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പോലീസിനെ സംബന്ധിക്കുന്ന പഴയകാല ഫോട്ടോകളുടെ ശേഖരമാണ് മറ്റൊരു പ്രത്യേകത.
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് മുതിർന്ന ഓഫീസർമാരും സംബന്ധിച്ചു
Discussion about this post