അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
ഘോരവനത്തെപ്പറ്റിയുള്ള രാമന്റെ വര്‍ണ്ണന തടസ്സലക്ഷണമെന്നോണം സീതാദേവിയുടെ പാതിവ്രത്യശക്തിയെ ദീപ്തമാക്കുന്നു. ലോകത്തിലെ സ്ത്രീത്വത്തിനെ സീതാദേവിയിലൂടെ കര്‍ത്തവ്യനിഷ്ഠമാക്കുകയാണ് രാമന്റെ സങ്കല്പം.
”നാഥ! പതിവ്രതയാം ധര്‍മ്മപത്‌നിഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ
പാദശുശ്രൂഷാവ്രതം മുടക്കായ്ക മേ”
എന്നിങ്ങനെയുള്ള ദേവിയുടെ വാക്കുകള്‍ ഉത്തമധര്‍മ്മമായ പാതിവ്രത്യത്തിന്റെ മഹിമ സ്ത്രീജനങ്ങളോടു വിളിച്ചോതുന്നു. ഇന്ന് പരിഷ്‌കൃതലോകത്തില്‍ നാം കാണുന്ന അനാഥമായ സാമൂഹികസ്ഥിതി, മൂല്യശോഷണം, അനിയന്ത്രിതവികാരം ഇതിനെല്ലാം അടിസ്ഥാനമായ കാരണം സ്ത്രീത്വത്തോടുള്ള ദുഷിച്ച സമീപനമാണ്. പാതിവ്രത്യമുള്ള ഒരു ഭാര്യയെ സങ്കല്പിക്കാന്‍ ബുദ്ധിമുട്ടുള്ള സമൂഹത്തിന് കര്‍ത്തവ്യബോധവും നിയന്ത്രണശേഷിയും ഉള്ള ഒരു അമ്മയെ വാര്‍ത്തെടുക്കാന്‍ കഴിയുകയില്ല. മൃഗതുല്യമായ വികാരത്തിനും തജ്ജന്യമായ സുഖത്തിനുമപ്പുറമുള്ള സങ്കല്പം പോലും അത്തരം സമൂഹത്തിന് ഇന്ന് ഭാവന ചെയ്യാന്‍ കഴിയുന്നില്ല. ധര്‍മ്മം എന്ന ജീവിതസംസ്‌ക്കാരം അതുകൊണ്ട് ലോപിക്കുകയും ചെയ്യും. അടുത്ത തലമുറയോട് ഉത്തരവാദിത്വമുള്ള ജീവിതം വാഗ്ദാനം ചെയ്യാന്‍ അത്തരമൊരു സമൂഹത്തിനു സാധ്യമല്ല. പാതിവ്രത്യശുദ്ധിയുള്ള സ്ത്രീത്വത്തിനേ ഈ തെറ്റ് തിരുത്താനാവൂ. സര്‍ഗ്ഗശക്തിയുള്ള രാമന്റെ വാക്കുകള്‍ ഈ ഉത്തരവാദിത്വം പഠിപ്പിക്കുന്നു. കുടുംബബന്ധത്തിലൂടെ മാതൃകകാട്ടുന്ന ജീവിതസരണി സുഗമവും സുന്ദരവും ആക്കുന്നതിന് നിയന്ത്രിതമായ വികാരങ്ങളും ലക്ഷ്യബോധമുള്ള സഹകരണവും വേണം. കൗസല്യയിലുള്ള മാതൃസങ്കല്പത്തിലൂടെയും സീതയിലുള്ള ഭാര്യാസങ്കല്പത്തിലൂടെയും സ്ത്രീത്വത്തിന്റെ ധാര്‍മ്മികശേഷിയുള്ള ഒരു ജീവിതം രാമന്‍ വിശദീകരിക്കുന്നു.
കര്‍ത്തവ്യനിഷ്ഠയിലുറപ്പുവന്ന സീതയെയാണ് തന്നോടൊപ്പം വരാന്‍ രാമന്‍ അനുവദിക്കുന്നത്. ”സീതയെ കാരണഭൂതയാക്കിക്കൊണ്ടു, യാതുധാനാന്വയനാശം വരുത്തുവന്‍” എന്നുള്ള രാമന്റെ വാക്കുകളിലെ സങ്കല്പശക്തി മുഴുവന്‍ സീതാദേവിയുടെ കരുത്താര്‍ജ്ജിച്ച കര്‍മ്മനിഷ്ഠയിലധിഷ്ഠിതമാണ്. രാവണനും രാക്ഷസന്മാരും ജീവിക്കുന്ന ഘോരവനമാണ് ലോകം. ധര്‍മ്മം സ്ഥാപിക്കുവാന്‍ രാവണനേയും കൂട്ടരേയും കൊല്ലുകയും വേണം. ആ സാഹസം സാധിക്കേണ്ടത് സീതയിലൂടെയാണുതാനും. ലോകത്തിന് ഇന്നും വിന വിതയ്ക്കുന്ന രാവണന്‍മാരും രാക്ഷസന്മാരുമുണ്ട്. അവരുടെ അന്ത്യംകുറിക്കുവാനുള്ള കര്‍മ്മശേഷി മുഴുവന്‍ വേരൂന്നി നില്‍ക്കുന്നത് സ്ത്രീത്വത്തിലെ ധര്‍മ്മനിഷ്ഠയിലാണ്. അഴകിയരാവണനും അലറുന്ന രാവണനും സ്പര്‍ശിക്കാനാകാത്ത കരുത്തുറ്റ സ്ത്രീത്വത്തിന്റെ സൃഷ്ടി രാമന്റെ വാക്കുകളുടെയും ചൈതന്യത്തിന്റെയും പ്രതിഫലനമാണ്. മനുഷ്യമനസ്സിലെ കോമളനായ അഴകിയരാവണനും അഴിഞ്ഞാട്ടത്തിനും അക്രമത്തിനും തയ്യാറായി നില്‍ക്കുന്ന രാവണനുമാണ് കാമം. കാമാസക്തമായ മനസ്സിന്റെ അനാശാസ്യചിന്തകളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് അടിസ്ഥാനശിലയായ സ്ത്രീത്വത്തിന്റെ പ്രാധാന്യം മാറ്റുരച്ച് പ്രതിഷ്ഠിക്കുകയാണ് രാമന്‍ ചെയ്തിരിക്കുന്നത്. സീത നിര്‍ബന്ധിച്ചതുകൊണ്ട് രാമന്‍ വിളിച്ചു കാട്ടില്‍ കൊണ്ടുപോയി എന്നു ധരിക്കുന്ന പ്രാകൃതചിന്തയ്ക്കുമപ്പുറത്ത് എന്തുണ്ടെന്നു ചിന്തിക്കാനുള്ള ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്.
രാമന്‍ പഠിപ്പിക്കുന്ന ത്യാഗമാണ് അടുത്ത് നാം കാണുന്നത്. എന്തെല്ലാം ഭൗതികസംഭരണങ്ങള്‍ നഷ്ടപ്പെട്ടാലും ഭര്‍ത്തൃശുശ്രൂഷ എന്ന ഉറച്ച നിഷ്ഠയില്‍നിന്നും വ്യതിചലിക്കാത്ത സ്ത്രീത്വം രണ്ടാമത്തെ പരീക്ഷണത്തിന് വിധേയമാകുന്നു. സ്ത്രീക്ക് സാധാരണ പ്രിയങ്കരമാണ് ആഭരണം. അതു ദാനം ചെയ്യുവാനാണ് രാമന്റെ അടുത്ത നിര്‍ദ്ദേശം. പ്രത്യക്ഷത്തില്‍ പുരോഗമനചിന്തയ്ക്ക് കര്‍ക്കശമെന്നും പുരുഷമേധാവിത്വമെന്നും വിളിച്ചോതുവാന്‍ പ്രേരണ നല്‍കുന്ന ഘട്ടമാണിത്. സ്ത്രീക്ക് സ്വാതന്ത്ര്യമില്ലേ? ആഭരണം കളഞ്ഞാലേ ഭര്‍ത്താവിനെ ശുശ്രൂഷിക്കാവോ? സീതതന്നെ വനത്തില്‍ പോകാമെന്ന് തീരുമാനിച്ചതല്ലേ? ദാനം നല്ലതുതന്നെ. എന്നാലും സീതയ്ക്കിഷ്ടപ്പെട്ട ഹാരാദിഭൂഷണമെല്ലാം തന്നെ ദാനം ചെയ്യണമോ? എന്തിനാണിതിന് മറ്റൊരാളിന്റെ പ്രേരണ?
സമൂഹത്തില്‍ ആഡംബരങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും കൊതിക്കുന്ന രാക്ഷസന്മാര്‍ ധാരാളം ഉണ്ട്. അവരില്‍നിന്നും ആദ്യം രക്ഷനേടണം. ആഭരണങ്ങളിലാസക്തി കൂടിയാല്‍ രാവണനെപ്പോലുള്ളവര്‍ അതു എത്ര വേണമെങ്കിലും നല്‍കാന്‍ തയ്യാറാവും. അവരുടെ ഇച്ഛയ്ക്ക് വഴങ്ങണമെന്നേയുള്ളു. ആഡംബരങ്ങളില്‍ പ്രിയം കൂടിയാല്‍ അതു സംഭവിച്ചുകൂടെന്നില്ല. പ്രത്യേകിച്ചും ആപത്‌സന്ധികളില്‍ സ്വരക്ഷയ്ക്കുവേണ്ടി രാവണകൊട്ടാരവും സുവര്‍ണ്ണരത്‌നഘചിതമന്ദിരങ്ങളും ഇഷ്ടപ്പെട്ടുവെന്നു വരാം. സമൂഹത്തില്‍ നാമിന്നു ധാരാളം അനുഭവങ്ങള്‍ ഇത്തരത്തില്‍ കാണുന്നുണ്ട്. അങ്ങനെയായാല്‍ രാവണനിഗ്രഹത്തിന് ന്യായമില്ലാതെവരും. അതു സത്യമോ ധര്‍മ്മമോ ആവുകയില്ല. മോഹവും കാമവും പരസ്പരം ബന്ധപ്പെട്ടതാണ്. ഇവ രണ്ടും യോജിച്ചു കഴിഞ്ഞാല്‍ പിന്നെ ആ മനസ്സില്‍ രാമനു സ്ഥാനമില്ല. രാമന്‍ സ്വന്തം ശക്തികൊണ്ട് രാവണനെ നിഗ്രഹിച്ചാലും ഫലമില്ല. കാരണം കാമത്തിനുകാരണമായ ആഡംബരപ്രേമം വീണ്ടും രാവണന്മാരെ സൃഷ്ടിക്കും. രാമനെ സൃഷ്ടിക്കാന്‍ അത് സഹായകവുമല്ല. അതുകൊണ്ട് മാനസികശുദ്ധിക്കും തന്മൂലം ഉത്തമമായ സാമൂഹ്യസൃഷ്ടിക്കും മേല്പറഞ്ഞവ രണ്ടും ഒരുമിച്ചു നശിക്കണം. കാരണമായ മോഹം നശിച്ചാല്‍ പിന്നെ ധര്‍മ്മബോധമുള്ള മനസ്സ്് അവശേഷിക്കും. അവിടെ രാമനു സ്വാധീനം ലഭിക്കും. രാമന്റെ സ്വാധീനം ധര്‍മ്മസ്ഥാപനത്തിനു കാരണമാകും. സീതാത്യാഗം പൂര്‍ണ്ണമാക്കിയാലേ ഇതു സാധ്യമാകൂ. അതിനു വേണ്ടിയുള്ള പരിശീലനവും പരീക്ഷണവും സമൂഹം ഏറ്റെടുക്കണം. സ്ത്രീത്വം സൃഷ്ടിക്കാധാരമായതുകൊണ്ട് നിയന്ത്രണം അവിടെത്തനെയാണ് വേണ്ടത്. പുരുഷന് അതു വേണ്ടെന്നല്ല. പുരുഷന്‍ രാമനെപ്പോലെ ആയിരിക്കണം. പാതിവ്രത്യം ഭര്‍ത്താവിനെ അനുഗമിക്കലും ശുശ്രൂഷിക്കലും മാത്രമല്ല. ”ഭര്‍ത്തൃകര്‍മ്മാനുകരണമത്രേ പാതിവ്രത്യാനിഷ്ഠാവധൂനാം” എന്ന് രാമന്റെ തന്നെ വാക്കുകളുണ്ട്. അതുകൊണ്ട് അനുകരിക്കേണ്ടത് ഭര്‍ത്താവിനെയാണെന്നത് നിശ്ചയമാണല്ലോ. അപ്പോള്‍ പുരുഷന്‍ എങ്ങനെ ജീവിക്കണമെന്നത് എടുത്തു പറയേണ്ടതില്ല. സാമ്രാജ്യവും സിംഹാസനവും പട്ടുവസ്ത്രങ്ങളും അലങ്കാരവസ്തുക്കളും ഉപേക്ഷിച്ച് മരവുരിയും ജടയും ധരിച്ച രാമനാണിവിടെ കാണുന്നത്. ഭര്‍ത്തൃകര്‍മ്മാനുകരണമാണ് പാതിവ്രത്യധര്‍മ്മമെങ്കില്‍ ആടയാഭരണങ്ങള്‍ ഉപേക്ഷിക്കണമല്ലോ. മാറ്റുരയ്ക്കപ്പെട്ട ത്യാഗമാണ് പാതിവ്രത്യത്തിനാവശ്യം. സമൂഹത്തില്‍ സ്ത്രീപുരുഷ ബന്ധത്തിലൂടെ ധാര്‍മ്മികവൃത്തി നിലനിര്‍ത്തുന്നതിന് അടിസ്ഥാനമായ ധര്‍മ്മമീമാംസയാണ് രാമന്റെ വാക്കുകളിലും അനുസരിക്കുന്ന സീതാദേവിയുടെ ജീവിതത്തിലും തെളിഞ്ഞു നില്‍ക്കുന്നത്. ആദര്‍ശശുദ്ധമായ സമൂഹസൃഷ്ടി തീവ്രനിഷ്ഠയിലൂടെ മാത്രമേ സാധ്യമാകു. ആത്മനിയന്ത്രണവും ത്യാഗവും സ്ത്രീപുരുഷന്മാര്‍ക്കാവശ്യമാണെന്ന തത്ത്വം രാമന്‍ തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നു.
(തുടരും)
Discussion about this post