തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിട്ട്യൂട്ട് വൈസ് ചാന്‍സലര്‍ സി.വി. ആനന്ദബോസ്, ദേശീയ മ്യൂസിയം പുരാവസ്തുവകുപ്പ് സംരക്ഷണവിഭാഗം മേധാവി പ്രൊഫ.എം.വി.നായര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി ബി.വി.രാജ, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ്മ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തിന്റെ മൂല്യനിര്‍ണയം തുടങ്ങി. കൃഷ്ണവിലാസം കൊട്ടാരത്തില്‍ തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്നശേഷമാണ് വിദഗ്ദ്ധ സമിതി മൂല്യ നിര്‍ണ്ണയം തുടങ്ങിയത്. നിലവറകളില്‍ കണ്ടെത്തിയിട്ടുള്ള നിധി ശേഖരത്തിന്റെ ശാസ്ത്രീയമായ മൂല്യനിര്‍ണയം നടത്താനാണ് സമിതിയെ പ്രധാനമായും ചുമതലപ്പെടുത്തിയിട്ടുള്ളത്. ചരിത്രപുരാവസ്തു പ്രാധാന്യമുള്ളവ, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ളവ, ഇതു രണ്ടുമല്ലാത്തവ എന്നിങ്ങനെ മൂന്നായി നിധിയെ തരംതിരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. തുറക്കാത്ത ‘ബി’ നിലവറ ഒഴിച്ച് മറ്റുള്ള അഞ്ച് നിലവറകളിലെ മൂല്യനിര്‍ണയമാണ് ആദ്യം നടത്തുക. മൂല്യനിര്‍ണയം തടസ്സം വരാതെ എല്ലാ ദിവസവും തുടര്‍ച്ചയായി നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. ഇതോടൊപ്പം ‘ബി’ നിലവറ തുറക്കുന്ന കാര്യവും വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും. സുപ്രീം കോടതി മുമ്പ് നിയമിച്ച ഏഴംഗസമിതി നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് നടത്തിയിരുന്നത്. ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ നിധി സുരക്ഷിതമായ രീതിയില്‍ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്‍കും.
Discussion about this post