കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണമുണ്ടായ സംഭവത്തില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പശ്ചിം മേദിനിപുര്‍ എസ്പി ബംഗാള്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ പഞ്ച്കുരി ഗ്രാമത്തിലായിരുന്നു സംഭവം. ബംഗാളില്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കവേയായിരുന്നു മുരളീധരന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നു മുരളീധരന്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണത്തിനിരയായ ബിജെപി പ്രവര്‍ ത്തകരുടെ വീടുകളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദര്‍ശനം നടത്തവേ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു.
തനിക്ക് പരിക്കില്ലെന്നും എന്നാല്‍ ഡ്രൈവര്‍ക്കു പരിക്കേറ്റെന്നുമാണ് മുരളീധരന്റെ പ്രതികരണം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നു മുരളീധരനൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു.
Discussion about this post