കോട്ടയം: പ്രമുഖ സംവിധായകനും നിറക്കൂട്ട്, രാജാവിന്റെ മകന്‍, ആകാശദൂത്, ന്യൂഡല്‍ഹി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വസതിയില്‍ കുഴഞ്ഞുവീണ നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യംസംഭവിച്ചിരുന്നു.
ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം.എന്‍. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവ. ഹൈസ്‌കൂള്‍, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടി. ജോഷി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പങ്കാളിയായി. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരരാജക്കാന്‍മാരാക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ഡെന്നിസ് 1985-ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യ’ യിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഭൂമിയിലെ രാജാക്കന്മാര്‍, ശ്യാമ, ചെപ്പ്, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കിഴക്കന്‍ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളും ഡെന്നീസ് ജോസഫിന്റെ തൂലികയില്‍ പിറന്നു. മനുഅങ്കിള്‍, അഥര്‍വ്വം, തുടര്‍ക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1988ല്‍ മനുഅങ്കിളിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. സിദ്ധിയാണ് ആദ്യ ചെറുകഥ.
നടന്‍ ജോസ് പ്രകാശിന്റെ മരുമകനാണ്. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.
Discussion about this post