തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് വെര്‍ച്വലായി നടത്തും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. തുടക്കത്തില്‍ ഡിജിറ്റല്‍ ക്‌ളാസുകള്‍ മാത്രമാണുണ്ടാകുക. കുട്ടികള്‍ക്ക് സകുടുംബം ഇതിന്റെ ഭാഗഭാക്കാവാം.
കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്‌ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുളളന സംവാദന ക്‌ളാസുകള്‍ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ക്‌ളാസുകള്‍ സംപ്രേഷണം ചെയ്യും. മുന്‍പ് ടെലികാസ്റ്റ് ചെയ്ത ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തി ആകര്‍ഷകമാക്കിയാകും ഇത്.
ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖലാ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ ഇവരുടെ സഹായത്തോടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ഉപകരണങ്ങളുടെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം പൂര്‍ണമായും ചാനല്‍ അധിഷ്ഠിതമായ ക്‌ളാസായിരുന്നെങ്കില്‍ ഇത്തവണ അദ്ധ്യാപകരെ സ്‌കൂളില്‍ എത്തിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ ഓണ്‍ലൈന്‍ ക്‌ളാസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇതിനായി അദ്ധ്യാപകര്‍ സ്‌കൂളിലെത്തുന്നതും ഐടി സൗകര്യം ഉപയോഗിക്കേണ്ടതുമാണ്.
സംസ്ഥാനത്ത് കുട്ടികള്‍ക്ക് വിതരണത്തിന് വേണ്ട യൂണിഫോം തയ്യാറാണ്. പാഠപുസ്തകങ്ങള്‍ ഒന്നാംഭാഗം 70 ശതമാനവും അച്ചടി പൂര്‍ത്തിയായി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ നടക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കി. ഹയര്‍സെക്കന്ററി വിഎച്ച്എസ്സി മൂല്യനിര്‍ണയം ജൂണ്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുമായിരിക്കും. ഹയര്‍സെക്കന്ററി വിഎച്ച്എസ്സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. മൂല്യനിര്‍ണയത്തിന് 3031 അദ്ധ്യാപകരെ നിയോഗിച്ചു.
പാഠപുസ്തക വിതരണ ശനിയാഴ്ച മണക്കാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പ്‌ളസ് വണ്‍ പരീക്ഷ അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. പ്‌ളസ് ടുവിനും ജൂണ്‍ ഒന്നിന് ക്‌ളാസുകള്‍ ആരംഭിക്കും.
Discussion about this post