കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ കുറ്റം സമ്മതിച്ച് മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രതിയെ നെടുമ്പാശേരിയില്‍ തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ട പറഞ്ഞതനുസരിച്ചാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്നും വെടിവയ്പ് നടത്തിയതെന്നുമാണ് ഇയാള്‍ പറയുന്നത്. കാസര്‍ഗോഡ് ബേവിഞ്ച വെടിവയ്പ് കേസിലും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ള സമാനകേസുകളിലും അന്വേഷണസംഘം രവി പൂജാരിയെ സംശയിക്കുന്നു.
വെടിവയ്പിനു ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘം രവി പൂജാരിയില്‍നിന്നു ചോദിച്ചറിയുന്നത്. 2016ല്‍ പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ചോദ്യം ചെയ്യുന്നുണ്ട്. സെക്യൂരിറ്റിയായ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി എം. നിഷാമിനെതിരെ സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
എടിഎസിന്റെ നെടുമ്പാശേരിയിലെ കേന്ദ്രത്തിലാണ് നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസില്‍ രവി പൂജാരിയുടെ പങ്ക് തെളിയിക്കുന്നതിനായുള്ള ശബ്ദ സാബിള്‍ എടുക്കുന്നത് വരും ദിവസങ്ങളിലേക്ക് മാറ്റി. ജില്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനമായ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പ്രതിയെ ഉടന്‍തന്നെ എത്തിക്കുമെന്നാണ് സൂചന.
Discussion about this post