തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഔഷധി വികസിപ്പിച്ചെടുത്ത രണ്ടു ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
ആയുര്‍വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലും കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുമുള്ള നഴ്‌സറികളിലാണ് ഔഷധസസ്യ തൈകള്‍ സജ്ജമാക്കിയിരിക്കുന്നത്. ചന്ദനം, ദന്തപാല, കൂവളം, പലകപ്പയ്യാനി, അശോകം തുടങ്ങി നൂറിലധികം ഇനങ്ങളിലുള്ള ഔഷധസസ്യങ്ങളുടെ ശേഖമാണ് ഔഷധി സജ്ജമാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും.
ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനായാണ് ആയുഷ് വകുപ്പ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിക്കും ഔഷധിയുടെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണത്തിനുമാണ് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post