* ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് സാധനങ്ങളും മരുന്നും വീട്ടിലെത്തിക്കാന്‍ സംവിധാനം
തിരുവനന്തപുരം: പൊതുവിതരണകേന്ദ്രങ്ങളില്‍ ഇ-പോസ് മെഷീനും പി.ഡി.എസ് സര്‍വറുമായുള്ള ബന്ധത്തില്‍ തടസ്സങ്ങള്‍ നേരിടാറില്ലെന്നും, സര്‍വര്‍ ഓതന്റിക്കേഷന്‍ നടത്തുന്നതിന് അപൂര്‍വമായി തടസ്സങ്ങള്‍ നേരിടാറുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു.
മെഷീനും പി.ഡി.എസ് സര്‍വറുമായുള്ള ബന്ധത്തില്‍ തടസ്സങ്ങള്‍ നേരിടാറില്ല. ഓതന്റിക്കേഷന്‍ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഐ.ടി മിഷനുമായും എന്‍.ഐ.സിയുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് അവശ്യസാധനങ്ങളും മരുന്നും ഓണ്‍ലൈനായി വീട്ടിലെത്തിക്കാനും കണ്‍സ്യൂമര്‍ഫെഡ് നടപടിയെടുത്തിട്ടുണ്ട്. ഹോം ക്വാറന്റീനിലുള്ളവര്‍ വാട്‌സാപ്പ് മുഖേനയും ഫോണ്‍ മുഖേനയും ത്രിവേണി യൂണിറ്റുകളുടെ ചുമതലക്കാര്‍ക്ക് നല്‍കുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് 24 മണിക്കൂറിനകം പ്രത്യേക സര്‍വീസ് ചാര്‍ജില്ലാതെ വീടുകളില്‍ എത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ടെലിഫോണ്‍ മുഖേന ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് അതത് മെഡിക്കല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ വീടുകളില്‍ എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൊബൈല്‍ ത്രിവേണികള്‍ ഉപയോഗിച്ച് ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് വീടുകളില്‍ സാധനമെത്തിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ ആവശ്യമായ സാധനങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറിനകം ചെറിയതോതിലുള്ള ഡെലിവറി ചാര്‍ജില്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം മറ്റുള്ള ജില്ലകളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
Discussion about this post