തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനം വരെയുള്ള എ, ബി വിഭാഗങ്ങളില്‍ പെടുന്ന തദ്ദേശസ്ഥാപന പരിധിയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. നാളെമുതലാണ് ഇതു പ്രാബല്യത്തില്‍ വരുന്നത്.
പതിനഞ്ചില്‍ കവിയാത്ത എണ്ണം വിശ്വാസികളെ പ്രവേശിപ്പിക്കാനാണ് അനുമതി. ലോക് ഡൗണ്‍ നിലവിലുള്ള ഞായറാഴ്ചയും ആരാധന നടത്താം.
ശനി, ഞായര്‍ ലോക്ഡൗണ്‍ ഈ യാഴ്ചയും തുടരും. മറ്റു ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. ഇപ്പോള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ തുറക്കാന്‍ അനുമതിയുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള കാറ്റഗറി എ യിലും എട്ടു മുതല്‍ പതിനാറു വരെയുള്ള കാറ്റഗറി ബിയിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബാങ്കുകളെയും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സിയില്‍ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളെയും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും.
ഇന്‍ഡോറിലുള്ള ടെലിവിഷന്‍ പരന്പര ചിത്രീകരണം അനുവദിക്കും. പൊതുജനങ്ങളുമായുള്ള സന്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാകും അനുമതി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കും. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ജില്ല വിട്ടു യാത്ര ചെയ്യുന്നതിനു പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ടിപിആര്‍ 16 വരെയുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിനു യാതൊരു വിഷയവുമില്ല. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നേയുള്ളൂ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണം വിളന്പാന്‍ തത്കാലം അനുമതിയില്ലെങ്കിലും വൈകാതെ അനുവദിച്ചേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.
തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും. അവിടെ ലോക്ഡൗണായതിനാലാണിത്. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനാ ഫലം വേണ്ടിവരും. എന്നാല്‍, അവിടെ ലോക്ഡൗണുള്ളതിനാല്‍ എല്ലാ ദിവസവും പോയിവരാന്‍ അനുവദിക്കില്ല.
തദ്ദേശസ്ഥാപനങ്ങളിലെ ടിപിആറിന്റെ ഏഴുദിവസത്തെ ശരാശരി കണക്കാക്കിയാണ് ഇളവുകള്‍ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരിയുടെ അടിസ്ഥാനത്തില്‍ എട്ടുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്.
ടിപിആര്‍ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തില്‍ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ ടിപിആര്‍ ഉള്ള സി വിഭാഗത്തില്‍ 171 പ്രദേശങ്ങളുണ്ട്. പതിനൊന്നിടത്ത് ടിപിആര്‍ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. ഈ പ്രദേശങ്ങള്‍ ഡി വിഭാഗത്തില്‍ പെടും.
Discussion about this post