കൊച്ചി: ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് രാജാ വിജയരാഘവന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി.
കവരത്തി ഉള്‍പ്പടെയുള്ള ദ്വീപുകളിലെ തീരത്ത് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭരണകൂടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദം ഉയര്‍ത്തിയായിരുന്നു നടപടി.
ജൂണ്‍ 30-നകം ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്നും കെട്ടിടം പൊളിക്കുന്നതിന്റെ ചിലവ് റവന്യൂവകുപ്പ് പിന്നീട് ഉടമകളില്‍ നിന്നും തന്നെ ഈടാക്കുമെന്നും നേട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് നടപടി ചോദ്യം ചെയ്ത് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തോട് മൂന്നാഴ്ചയ്ക്കകം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post