തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി എഡിജിപി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍നിന്ന് സുധേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനില്‍ കാന്തിനെ തെരഞ്ഞെടുത്തത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പോലീസ് മേധാവിയാകുന്ന ആദ്യയാളാണ്.
നിലവില്‍ അനില്‍ കാന്ത് റോഡ് സുരക്ഷാ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എഡിജിപി റാങ്കിലുള്ള അദ്ദേഹം അടുത്ത മാസം മാത്രമേ ഡിജിപി റാങ്കിലെത്തൂ. ജൂലൈ 30 ന് ഋഷിരാജ് സിംഗ് വിരമിക്കുന്ന ഒഴിവില്‍ ഡിജിപി റാങ്കിലേക്ക് എത്തും.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി അനില്‍ കാന്തിന്റെ പേര് നിര്‍ദേശിക്കുകയും മറ്റുള്ളവര്‍ അംഗീകരിക്കുകയുമായിരുന്നു. ദക്ഷിണമേഖല എഡിജിപി, വിജിലന്‍സ് മേധാവി, ജയില്‍ മേധാവി എന്നീ നിലകളിലെല്ലാം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. യുപിഎസി സര്‍ക്കാരിനു നല്‍കിയ പട്ടികയിലെ ഏറ്റവും ജൂനിയറായിരുന്നു അനില്‍ കാന്ത്.
പട്ടികയിലുണ്ടായിരുന്ന സുദേഷ് കുമാറിനെ പോലീസ് അസോസിയേഷനുകള്‍ പിന്തുണയ്ക്കാതിരുന്നതോടെയാണ് പിന്തള്ളപ്പെട്ടത്. ബി. സന്ധ്യയേയും ഉന്നത ഉദ്യോഗസ്ഥരൊന്നും പിന്തുണച്ചില്ലെന്നാണ് അറിയുന്നത്. പുതിയ പോലീസ് മേധാവി വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തി ബെഹ്‌റയില്‍ നിന്ന് ചുമതലയേറ്റെടുക്കും. അടുത്ത ജനുവരി വരെയാണ് അനില്‍ കാന്തിന് കാലാവധി ഉള്ളത്.
Discussion about this post