കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാന്‍ ദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
തനിക്കെതിരായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറും കേസിന്മേലുള്ള തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്റെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കലാപങ്ങള്‍ക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുല്‍ത്താനയുടെ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
Discussion about this post