ന്യൂഡല്‍ഹി: രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുളള യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ കൃഷിമന്ത്രി ശരദ് പവാറിനു നിര്‍ദേശം നല്‍കിയെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് എംപിമാരെ അറിയിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഇനി ഒരു ശാസ്ത്രീയ പഠനത്തിന്റെ ആവശ്യമില്ലെന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്ന ദുരിതബാധിതര്‍ കീടനാശിനിയുടെ ദുരന്തത്തിനു തെളിവാണെന്നും എം പിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നതു രാജ്യവ്യാപക നിരോധനം ഏര്‍പെടുത്താത്തതിനു ന്യായീകരണമല്ലെന്നും രാജ്യവ്യാപകമായി നിരോധിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കീടനാശിനി കേരളത്തിലെത്തുമെന്നും എംപിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിലെ ദുരന്തം കണക്കിലെടുത്തുവേണം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് സുപ്രീം കോടതിയിലും രാജ്യാന്തര വേദികളിലും കേന്ദ്ര സര്‍ക്കാര്‍ നിലപാടു സ്വീകരിക്കേണ്ടതെന്നും കൂടിക്കാഴ്ചാവേളയില്‍ എംപിമാര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post