ന്യൂഡല്‍ഹി : കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ സ്വകാര്യ ആശുപത്രികള്‍ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നും കോടതി പരാമര്‍ശിച്ചു. ചികിത്സ തേടുന്നവരുടെ ജീവനെ ബാധിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് കഴിയാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയത്. മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി മാറുകയാണ് ആശുപത്രികളെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.
ആശുപത്രികളില്‍ തീപിടിത്തമുണ്ടായി രോഗികളുള്‍പ്പടെ മരിക്കുന്ന സംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അഗ്‌നിസുരക്ഷ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ വേണമെന്ന് മുന്‍പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയതിനെ പരാമര്‍ശിച്ചാണ് കോടതി സ്വകാര്യ ആശുപത്രികളെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ വീണ്ടും ജനങ്ങള്‍ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് പരിധി നിശ്ചയിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയിന്‍ മേലുള്ള വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ കേസില്‍ സര്‍ക്കാര്‍ വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു, ഇതിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ ന്യായം.
Discussion about this post