തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ കടകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നിബന്ധനകള്‍ മാറ്റില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ലോക്ക്ഡൗണ്‍ ഇളവുകളായി ആരോഗ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതും ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നിബന്ധനയായി പ്രഖ്യാപിച്ചതും പരസ്പര വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.ബാബുവാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
അശാസ്ത്രീയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജനങ്ങളെയും വ്യാപാരികളെയും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണിതെന്നും ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവില്‍ പോലീസ് കനത്ത പിഴ ഈടാക്കുകയാണ്. സര്‍ക്കാര്‍ ഈ നിബന്ധനയില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും പോലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നുമായിരുന്നു അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കിയ മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചത്. വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നത്. ജനങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ ചമതലയാണ്. നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇരട്ടിയോ അതിലധികമോ ആകാമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
എന്നാല്‍ പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സര്‍ക്കാരിനും പോലീസിനുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പിണറായി സര്‍ക്കാര്‍ പെറ്റി സര്‍ക്കാരായി മാറി. കോവിഡില്‍ നട്ടംതിരിയുന്ന ജനത്തെ സര്‍ക്കാര്‍ പിഴ ചുമത്തി കൊള്ളയടിക്കുകയാണെന്നും കടക്കെണിയിലായവരെ കൂടുതല്‍ വലയ്ക്കുകയാണെന്നും ജനങ്ങളെ സര്‍ക്കാര്‍ കളിയാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ 50 ശതമാനമാണ്. ബാക്കിയുള്ളവര്‍ കടയില്‍ പോകണമെങ്കില്‍ 500 രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. എന്തുതരം നിയന്ത്രണമാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
Discussion about this post