
അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
”ജാനകീലക്ഷ്മണ സംയുക്തനായുടന്‍
കാനനം പ്രാപിച്ചു രാമകുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവ വീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം”
കുലഗുരുവായ വസിഷ്ഠന്റെ വാക്കുകള്‍ക്ക് പോലും ഭരതനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. രാമനെയല്ലാതെ മറ്റാരെയും രാജാവായി ചിന്തിക്കുവാനും ഭരതന്‍ തയ്യാറല്ല. അരാജകത്വത്തിനു പരിഹാരം രാമന്‍ മാത്രമാണെന്നാണ് ഭരതന്റെ ചിന്ത. ”ഇന്നടിയനുരാജ്യംകൊണ്ടുകിംഫലം മന്നവനാകുന്നതും മമ പൂര്‍വ്വജന്‍ ഞങ്ങളവനുടെ കിങ്കരന്മാരത്രേ” എന്നല്ലാതെ രാജ്യഭാരം ഏല്‍ക്കുവാനോ രാമനെക്കൂടാതെ മറ്റു ന്യായങ്ങള്‍ക്ക് അംഗീകാരം നല്‍കുവാനോ ഭരതനു കഴിയാത്തവണ്ണം രാമന്റെ സ്വാധീനത ആ സഹോദരനില്‍ പൂര്‍ണ്ണതയാര്‍ജ്ജിച്ചിരുന്നു. സര്‍വ്വ ആഡംബരഘോഷങ്ങളും കൂടി രാമനെ തിരികെ കൊണ്ടു വരുവാനുള്ള യാത്രയ്‌ക്കൊരുമ്പെടുകയാണ് ഭരതന്‍. രാമന്‍ തിരികെ വരുന്നതുവരെ തറയില്‍കിടക്കുവാനും ഫലമൂലങ്ങളും ഭുജിച്ച് ജടയും വല്‍ക്കലവും ധരിച്ച് താപം കലര്‍ന്ന് വസിക്കാനുമാണ് ഭരതന്റെ തീരുമാനം. അയോദ്ധ്യാവാസികളാകമാനം ആ തീരുമാനത്തിന് അനുകൂലികളായിരുന്നു. രാമനെ തിരികെകൊണ്ടു വരുന്ന ഏതു കര്‍ക്കശമായ വ്രതത്തിനും അയോദ്ധ്യാവാസികള്‍ തയ്യാറാകും. സ്‌നേഹനിധിയും കണ്ണിലുണ്ണിയുമായ ശ്രീരാമന്റെ പുനരാഗമത്തില്‍ കവിഞ്ഞു മറ്റൊരു പ്രാധാന്യവും ജീവിതത്തില്‍ അവര്‍ക്കില്ല. രാമന്റെ അസാന്നിദ്ധ്യത്തിലുള്ള സ്വാധീനത സാന്നിധ്യംകൊണ്ട് ഉണ്ടാകുമായിരുന്നോ എന്നുവരെ സംശയിക്കുമാറ് ഭരതനും അയോദ്ധ്യാവാസികളും ബദ്ധപ്രതിജ്ഞരായിരുന്നു.
ഭരതശത്രുഘ്‌നന്മാര്‍, സുമന്ത്രര്‍, സൈന്യം, ആന, കാലാള്‍, തേര്, കുതിരപ്പട, ആനകശംഖപടഹവാദ്യങ്ങള്‍, ഭൂസുരന്മാര്‍, താപസന്മാര്‍, സാമന്തരാജാക്കന്മാര്‍, ക്ഷത്രിയവൈശ്യശൂദ്രാദികള്‍ എന്നിവരെല്ലാം ഒരുമിച്ച് രാമനെ കാണാനുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. ഇളകിമറിയുന്ന പൊടികൊണ്ട് ആകാശം നിറഞ്ഞു. രാമനെ കാണാനുള്ള അത്യാകാംക്ഷകൊണ്ട് മാര്‍ഗ്ഗഖേദം ആരും തന്നെ അറിഞ്ഞിരുന്നില്ല. മനസ്സില്‍ ഏറ്റവും ഇഷ്ടപ്പെട്ട സങ്കല്പം കേന്ദ്രീകരിക്കപ്പെട്ടാല്‍ അതിനായിരിക്കും പ്രാധാന്യം. ആ സങ്കല്പം നേടുന്നതിനുള്ള മറ്റു പരിശ്രമങ്ങളൊന്നും തന്നെ ദുഃഖകാരണങ്ങളായി തോന്നുകയില്ല. ലക്ഷ്യം വിലപ്പെട്ടതാണെങ്കില്‍ മാര്‍ഗം ദുര്‍ഘടമാണെങ്കിലും കടന്നുപോവുക തന്നെ ചെയ്യും. നേടിയെടുക്കുന്ന ലക്ഷ്യം സ്ഥിരസുഖം നല്‍കുന്നതല്ലെങ്കില്‍ വീണ്ടും ദുഃഖത്തിനു കാരണമാകും. മാര്‍ഗ്ഗവും ലക്ഷ്യവും ഒരേപോലെ ദുഃഖം നല്‍കുന്ന അനുഭവങ്ങളായിരിക്കും അതുകൊണ്ടുണ്ടാവുക. ഇത് സാധാരണ ലോകത്തിന് സംഭവിക്കാറുമുണ്ട്. എന്നാല്‍ പരമാത്മാവായ രാമനെപ്പറ്റിയുള്ള ചിന്ത മാര്‍ഗത്തിലും ലക്ഷ്യത്തിലും ദുഃഖനിവാരണശക്തിയുള്ളതാണ്. ഈശ്വരനെന്ന ലക്ഷ്യത്തിനല്ലാതെ മറ്റൊന്നിനും ഈ മേന്മ നല്‍കാനാവുകയില്ല. ഈശ്വരാധിഷ്ഠിതമായ കര്‍മ്മങ്ങള്‍ എത്ര വിഷമം നിറഞ്ഞതാണെങ്കിലും അതില്‍ ദുഃഖം അനുഭവപ്പെടുകയില്ലെന്ന സത്യം അയോദ്ധ്യാവാസികളുടെ യാത്രയില്‍ വ്യക്തമാകുന്നു.
”രാഘവാലോകനാനന്ദവിവശരാം
ലോകരറിഞ്ഞില്ല മാര്‍ഗ്ഗഖേദവും”
എന്നുള്ള വരികളില്‍ അയോദ്ധ്യാവാസികളെയാണ് സങ്കല്പിച്ചിരിക്കുന്നതെങ്കിലും ‘ലോകരറിഞ്ഞില്ല’ എന്ന പ്രത്യേകത സ്പഷ്ടമായിക്കാണുന്നുണ്ട്. ഈശ്വരസങ്കല്പമുള്ള ഏതുകര്‍മ്മങ്ങള്‍ക്കും ഈ അനുഭവം ഉണ്ടാകുമെന്ന ഉപദേശമാണ് ലോകസമക്ഷം അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഭരതനും പരിവാരങ്ങളും ശൃംഗിവേരത്തിനടുത്തെത്തി. പടയും പരിവാരങ്ങളും ഉയര്‍ന്നുപൊങ്ങുന്ന പൊടികളും ശൃംഗിവേരാധിപനായ ഗുഹന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. പടയ്ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങളാണ് അപ്പോള്‍ ഗുഹനുണ്ടായ അടിസ്ഥാനചിന്ത; തന്റെ പദവിയെപ്പറ്റിയോ രാജ്യത്തെപ്പറ്റിയോ അല്ല. അധികാരം നഷ്ടപ്പെടുമെന്ന ഭയം ഗുഹനെ തെല്ലും ബാധിച്ചിരുന്നില്ല. അയോദ്ധ്യാവാസികളിലെന്നപോലെ ഗുഹനിലും വളര്‍ന്നുവികസിച്ച ചിന്ത രാമനെപ്പറ്റിമാത്രമായിരുന്നു.
”രാഘവനോടു വിരോധത്തിനെങ്കിലോ
പോകരുതാരുമവരിനി നിര്‍ണ്ണയം”
സാധാരണയായി ഒരു രാജാവിന് മുന്നറിയിപ്പുകളൊന്നും കൂടാതെ സജ്ജമായി നില്‍ക്കുന്ന ഒരു പടയെക്കാണാന്‍ കഴിഞ്ഞാല്‍ തന്റെ രാജ്യത്തിനും തനിക്കും വരാവുന്ന അപകടത്തെപ്പറ്റിയാണ് ചിന്തിയ്ക്കാനാവുക. എന്നാല്‍ ഇവിടെ ഗുഹന് സര്‍വ്വസുഖഭോഗങ്ങളും സാമ്രാജ്യവും അധികാരവാഞ്ഛയും ഒന്നും സ്വന്തം ചിന്തയ്ക്ക് ഇടം നല്‍കിയില്ല. രാമനെന്നുള്ള ഏകചിന്തയില്‍ മറ്റുള്ള സര്‍വ്വവും അടിഞ്ഞുപോയിരുന്നു. പരമാത്മചിന്തകൊണ്ട് പരിശുദ്ധമായ ആ മനസ്സിന് പരാപവാദവും വിരോധവും ഉണ്ടായിരുന്നില്ലെന്ന തത്ത്വവും ഗുഹന്റെ അടുത്തുള്ള വാക്കുകളില്‍ തന്നെ അടങ്ങിയിട്ടുണ്ട്.
”ശുദ്ധരെന്നാകില്‍ കടത്തുകയും വേണം
പദ്ധതിക്കേതും വിഷാദവും കൂടാതെ”
രാമന്‍ പരമാത്മാവാണ്. പരിശുദ്ധമാനസന്മാര്‍ക്ക് പരമാത്മാവിനെ സമീപിക്കുവാന്‍ തടസ്സം ഉണ്ടാവുകയില്ല. അത്തരക്കാരെ തടസ്സപ്പെടുത്തുന്നത് രാമന്റെ ആശ്രിതന്മാര്‍ക്കു യോജിച്ചതുമല്ല. പരിശുദ്ധരാണെന്നറിഞ്ഞാല്‍ രാമന്റെ അടുത്ത് എത്തുവാനുള്ള വഴി കാട്ടുകയും വേണം. രാമന്റെ അടുത്തേയ്ക്കുള്ള യാത്രായായതിനാല്‍ വഴിക്ക് വിഷമമുണ്ടാകാതെ നോക്കേണ്ടത് രാമഭക്തന്മാരുടെ ചുമതലയാണ്. ഭക്തജനസേവയും ഈശ്വരസേവയും രണ്ടല്ല. സത്സംഗം കൊണ്ടുള്ള ഫലം നിശ്ചലത്വം വരെ ചെന്നെത്തുകയും ചെയ്യും. ഗുഹന്റെ മനസ്സില്‍ ലോകത്തിന് വഴികാട്ടുന്ന ഏതാദൃശചിന്തകള്‍ പുഷ്ടി പ്രാപിച്ചിരുന്നു. രാമനെക്കൂടാതെ സൈന്യങ്ങളെ കണ്ട ഗുഹന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ചിന്തിക്കുമായിരുന്നോ? ബ്രഹ്മര്‍ഷിമാര്‍ തൊട്ടുതുടങ്ങി ദേവലോകത്തിലൂടെ കടന്ന് ദേവലോകത്തെയും സ്വാധീനിച്ച് ഭൂലോകത്തില്‍ എത്തി അയോദ്ധ്യാനഗരത്തിലൂടെ വനമദ്ധ്യത്തില്‍ എത്തിനില്‍ക്കുന്ന രാമചിന്ത മറ്റെല്ലാ ചിന്തകളെയും അതിജീവിച്ചും അനുഗ്രഹിച്ചുമാണ് നിലകൊള്ളുന്നത്. ഭരതന്റെ കാല്ക്കല്‍ നമസ്‌ക്കരിച്ച് കാഴ്ചകളും നല്‍കുന്ന ഗുഹന്‍ രാമമന്ത്രം അനവരതം ജപിയ്ക്കുന്ന മാരസമാന ശരീരത്തോടുകൂടിയ മനോഹരനായ ഭരതനെയാണ് കാണുന്നത്. രാമമന്ത്രം കൊണ്ട് ചലിക്കുന്ന ചുണ്ടുകളോടുകൂടിയ ഭരതനെകണ്ട് ഗുഹന്‍ സര്‍വ്വവും മറന്ന് അടിയന്‍ ഗുഹനാണെന്ന വാര്‍ത്തയും ഉരുവിട്ടുകൊണ്ടാണ് ആ പൂഴിമണ്ണില്‍ സാഷ്ടാംഗം പ്രണമിച്ചത്. രാമസങ്കല്പത്തിന്റെ സ്വാധീനത രാമന്‍ വേര്‍പിരിഞ്ഞിട്ടും സജീവമാണ്. ഗുഹന്റെ മനസ്സില്‍ നിറഞ്ഞു നിന്ന രൂപവും ഭരതന്റെ ചുണ്ടുകളില്‍നിന്നുതിര്‍ന്ന നാമവും ആ ഭക്തശിരോമണികളെ ആലിംഗനബദ്ധരാക്കി.
(തുടരും)
Discussion about this post