നെടുമ്പാശേരി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ തിളക്കവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനു ജന്മനാട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം 5.20നു വന്നിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങളാണു ത്രിവര്‍ണ പതാകകളുമായെത്തിയത്. ആവേശത്തിരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറന്നു തടിച്ചുകൂടിയവരെ നിയന്ത്രിക്കാന്‍ അധികൃതര്‍ ബുദ്ധിമുട്ടി. വിമാനത്താവളത്തില്‍ ശ്രീജേഷിനെ കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
എംഎല്‍എമാരായ പി.വി. ശ്രീനിജന്‍, അന്‍വര്‍ സാദത്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്, മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശ്രീജേഷിന്റെ മാതാപിതാക്കളായ പി.വി. രവീന്ദ്രന്‍, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവരും അഭിമാനനിമിഷങ്ങളില്‍ പങ്കാളികളായി.
Discussion about this post