തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുളള പൗരന്റെ അവകാശങ്ങള്‍ മൗലികമാണ്. മതനിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും രാജ്യത്തിന് കരുത്തായി നിലകൊള്ളുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സ്വാതന്ത്ര്യത്തെ ‘അമൃത്’ എന്ന് പരാമര്‍ശിച്ചത് മഹാകവി കുമാരനാശാന്റെ സങ്കല്‍പമായ സ്വതന്ത്ര്യം അമൃതമാണ് എന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാമെന്നും പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ അന്തരം ഇല്ലാതാക്കാന്‍ മുന്നോട്ട് പോകണമെന്നും ജനം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ സമത്വവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായാണ് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയില്‍ ജീവന്‍ സംരക്ഷിക്കുക എന്നതിനാണ് മുഖ്യപരിഗണന നല്‍കുന്നത്. ഒപ്പം ജീവനോപാധികള്‍ നിലനിര്‍ത്തുക എന്നതും പ്രധാനമാണ്. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഏറ്റെടുക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post