കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ വനഭൂമിയില്‍നിന്ന് അനധികൃതമായി വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ മുട്ടില്‍ മരംമുറിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
കേസിന്റെ വസ്തുതകളും തെളിവുകളും നിയമവശവും പരിശോധിച്ചാല്‍ ഈ ഘട്ടത്തില്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റാന്‍ കാരണമില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അനധികൃത മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിയാണു ഹൈക്കോടതിയുടെ തീരുമാനം.
എന്നാല്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതരുടെ മൗനാനുവാദവും അനുഗ്രഹവുമില്ലാതെ വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കടത്താനാവില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി കേസിലുള്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും എത്രയും വേഗം കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മറ്റു വ്യക്തികളോ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ സമൂഹത്തില്‍ അവര്‍ക്കുള്ള വിലയും നിലയുമൊന്നും പരിഗണിക്കാതെ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അറിയിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞൂ.
സര്‍ക്കാര്‍-വന-പട്ടയഭൂമിയില്‍നിന്നു വിലയേറിയ പൊതുമുതല്‍ കവര്‍ന്ന ഗുരുതരമായ കേസാണിത്. ഇത്തരം സംഭവങ്ങളില്‍ ഒരുതരത്തിലുള്ള ദയാദാക്ഷിണ്യവും കാണിക്കേണ്ടതില്ല. പട്ടയഭൂമിയിലെ മരംമുറിക്കല്‍ കേസ് മാത്രമാക്കി ഒതുക്കിക്കളയരുത്. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും താത്പര്യം സംരക്ഷിക്കാന്‍ കേസിന്റെ എല്ലാ വശങ്ങളും വീഴ്ചയില്ലാതെ വേഗം അന്വേഷിക്കണം.
പൊതുമുതലിന്റെ സംരക്ഷകരെന്ന നിലയില്‍ സര്‍ക്കാര്‍ പൊതുജന താത്പര്യം സംരക്ഷിക്കുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശം നല്‍കുകയും വേണം. അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് പിന്നീട് ഏതെങ്കിലും ഘട്ടത്തില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ കോടതിയെ സമീപിക്കാന്‍ തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള വനനിയമം, കേരള ഭൂസംരക്ഷണ നിയമം തുടങ്ങിയവയും ചട്ടങ്ങളുമനുസരിച്ച് പട്ടയഭൂമിയിലെ വിലയേറിയ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഉടമകള്‍ക്ക് കഴിയില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
മുറിച്ചു കടത്തിയ മരങ്ങളുടെ വിവരങ്ങളും മൂല്യവും പരിശോധിച്ചാല്‍ ഇതിനു പിന്നില്‍ കൂട്ടായ പരിശ്രമം ഉണ്ടെന്നു മനസിലാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും മരങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കു കടത്തിയിട്ടുണ്ടെന്നതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍, അന്വേഷണത്തിന്റെ വിശദാംശങ്ങളും കേസുകളുടെ വിവരങ്ങളും വ്യക്തമാക്കി സര്‍ക്കാരും അന്വേഷണ സംഘം വിവിധ സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
Discussion about this post