തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടര്‍ തീരുമാനങ്ങളെടുക്കും.
കോവിഡ് ബാധിതരായവര്‍ വീടുകളില്‍തന്നെ ക്വാറന്റീനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റീ്ന്‍ ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കും. ഇത്തരം ആള്‍ക്കാരെ പിന്നീട് വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. അവരെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകള്‍
തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കും.
കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന്‍ പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണമായി വിട്ടുപോകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദ്രുതപ്രതികരണ സേന മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീന്‍ ഉറപ്പുവരുത്തും. ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പര്‍ക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന ആളുകളുടെ എണ്ണം, വാര്‍ഡുതല കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം, ഗാര്‍ഹിക സമ്പര്‍ക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍, ക്വാറന്റീനിലുള്ള എത്ര വീടുകളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച് ദിവസേന റിപ്പോര്‍ട്ട് ചെയ്യും.
കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കും.
ക്വാറന്റീ്നില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാന്‍ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതു പോലെയുള്ള വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന ഉണ്ടായില്ല. കോവിഡ് പോസിറ്റീവാകുന്നവരില്‍ വാക്സിനേഷന്‍ എടുത്തവരിലും കുറച്ചു പേര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷന്‍ എടുത്തവര്‍ക്കിടയില്‍ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവര്‍ക്കിടയിലാണ്. അതിനാല്‍ പ്രായമായവരില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post