തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലേക്ക് ഉപകരണങ്ങളുമായി എത്തിയ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പങ്കില്ലെന്ന് സിഐടിയു. സംഭവത്തിന്റെ ഉത്തരവാദിത്തം ചിലര്‍ സിഐടിയുവിനു മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് ആര്‍. രാമുവും സെക്രട്ടറി സി. ജയന്‍ ബാബുവും അറിയിച്ചു.
നാട്ടുകാരാണെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര യൂണിയന്‍കാരാണ് അമിത കൂലി ആവശ്യപ്പെട്ടതും, പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും.സിഐടിയു അംഗങ്ങളായ ആരും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ലെന്നും, അന്വേഷിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.
വിവരം അന്വേഷിക്കാനവിടെയെത്തുകയും, പ്രശ്ന പരിഹരിക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും സത്യാവസ്ഥ മനസിലാകും. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിഐടിയുവിനുള്ളതെന്നും ജില്ലാ കമ്മറ്റി അറിയിച്ചു. 184 ടണ്ണിന്റെ ലോഡുമായെത്തിയ വാഹനമാണ് ചിലര്‍ തടഞ്ഞത്. നോക്കുകൂലിയായി ടണ്ണിന് രണ്ടായിരം രൂപ വേണമെന്നായിരുന്നു ആവശ്യം.
Discussion about this post