പാലക്കാട്: മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമദ് ബഷീര്‍, പട്ടാമ്പി സ്വദേശിനി പുഷ്പലത എന്നിവരാണ് മരിച്ചത്. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് തീപടരുകയായിരുന്നു. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്.
ഹോട്ടല്‍ ഹില്‍വ്യൂ ടവറിന് താഴയുള്ള നിലയിലെ മസാലി റസ്റ്റോറന്റില്‍ നിന്നാണ് നാലുനില കെട്ടിടത്തിലേക്ക് തീ പടര്‍ന്നത്. തീപിടുത്തം ശ്രദ്ധയില്‍പെട്ടതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പലതയും ബഷീറും മുകളിലത്തെ നിലയിലായിരുന്നു.
അതേസമയം സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
Discussion about this post