തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ ഗവേര്‍ണന്‍സ് ആന്റ് പൊളിറ്റിക്സില്‍ പുതിയ സിലബസില്‍ ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടുത്തിയത് പിന്തുണച്ച് സംസ്ഥാന ബിജെപി. ഗോള്‍വാക്കറെയും സവര്‍ക്കറെയും കുറിച്ച് പഠിക്കുന്നതില്‍ അപരാധമെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ചരിത്രം ആരുടെയും കുത്തകയല്ലെന്നും കേരളത്തില്‍ വര്‍ഗീയത അഴിഞ്ഞാടുകയാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം സിലബസ് തല്‍ക്കാലം മരവിപ്പിച്ചതായി സര്‍വകലാശാല വൈസ്ചാന്‍സിലര്‍ അറിയിച്ചു. പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവര്‍ത്തകരെയാണ് വി.സി ഇക്കാര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ തീരുമാനം വരുന്നത് വരെ സിലബസ് പഠിപ്പിക്കില്ല.
സവര്‍ക്കറെയും ഗോള്‍വാക്കറെയും കുറിച്ചുളള ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും ഗാന്ധിജിയെയും നെഹ്റുവിനെയും കുറിച്ചുളളവ ഒഴിവാക്കിയെന്നും ആരോപിച്ച് കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധിച്ചിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ച എട്ടംഗ സമിതിയാണ് പാഠഭാഗം തയ്യാറാക്കിയത്. ഇത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുളള സര്‍വകലാശാലയുടെ ശ്രമമാണെന്നായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം.
Discussion about this post