മുംബൈ: ആഡംബര യാത്രക്കപ്പലായ കൊര്‍ഡീലിയയില്‍ സംഘടിപ്പിച്ച ലഹരിമരുന്നു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്നു പേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)അറസ്റ്റ് ചെയ്തു.
ആര്യന്‍ ഖാനെക്കൂടാതെ നടിയും മോഡലുമായ മൂണ്‍മൂണ്‍ ധമേച്ച, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും മുംബൈ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജയ്‌സ്വാള്‍, വിക്രാന്ത് ഛോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയും ശനിയാഴ്ച രാത്രി എന്‍സിബി സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ആര്യന്‍ ഖാന്‍, മുണ്‍ മുണ്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവര്‍ക്കെതിരേ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുക, വില്‍ക്കുക, ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിക്കൂടിയാണ് ഇവരെ കുടുക്കിയത്.
22 എക്സ്റ്റസി ഗുളികകള്‍, അഞ്ചു ഗ്രാം മെഫിഡ്രോണ്‍, 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ് തുടങ്ങിയവ ഉള്‍പ്പെടെ 1.33 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് കപ്പലില്‍നിന്നു പിടിച്ചെടുത്തത്. ഞായറാഴ്ച വെളുപ്പിന് എന്‍സിബിയുടെ മുംബൈ ഓഫീസിലെത്തിച്ചു ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആര്യന്‍ ഖാന്റെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് എന്‍സിബി അധികൃതര്‍ പറഞ്ഞു.
Discussion about this post