ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്ന് എ ബി പി – സി വോട്ടര്‍ സര്‍വേ. ഇവിടങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ സാദ്ധ്യത കോണ്‍ഗ്രസിനാകുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആഭ്യന്തര കലഹങ്ങളില്‍ ബുദ്ധിമുട്ടുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടെ ബി ജെ പിയേയും കോണ്‍ഗ്രസിനെയും പിന്തള്ളി ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും തൂക്കുമന്ത്രിസഭയ്ക്കുമുള്ള സാദ്ധ്യതയും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബിനെ കൂടാതെ ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും ബി ജെ പിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളിയായി എ എ പി വരാനുള്ള സാദ്ധ്യതയും സര്‍വേ പ്രവചിക്കുന്നു.
അതേസമയം, നിലവില്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു മുമ്പ് നടത്തിയ സര്‍വേ ആയതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നതും ചര്‍ച്ചാ വിഷയമാണ്. ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടുമാണ് സര്‍വേ അനുസരിച്ച് ലഭിക്കുക. ബി എസ് പിക്കും കോണ്‍ഗ്രസിനും യഥാക്രമം 15 ശതമാനവും ആറ് ശതമാനം വോട്ടും ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. ബിജെപി 241 മുതല്‍ 249 സീറ്റുകളും സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റുകളുമാണ് ലഭിക്കുക. ബിഎസ്പിക്ക് 15 മുതല്‍ 19 സീറ്റുകളും, മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിനും പ്രതീക്ഷിക്കാം.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 സീറ്റുകള്‍ ആം ആദ്മിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകളും ലഭിക്കും. ഉത്തരാഖണ്ഡില്‍ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി ഒരിക്കല്‍ കൂടി അധികാരത്തിലേറും. കോണ്‍ഗ്രസിന് 34 ശതമാനവും മൂന്നാമാതായി എത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് കരുതുന്നു. 40-അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് 24 മുതല്‍ 28 സീറ്റുകളാണ് ബിജെപിക്ക് പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്ളും ആം ആദ്മിക്ക് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളും ലഭിക്കും.
Discussion about this post