തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ ലോഡ്ജില്‍ വച്ചു കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാനെത്തിയ പോലീസിന് നേരെ ബോംബേറ് നടത്തി രക്ഷപ്പെട്ട കേസിലെ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു.
ആനയറ, ബാലരാമപുരം സ്വദേശികളായ യുവാക്കളാണ് ഇവരെന്നു സ്ഥിരീകരിച്ചുവെന്നു പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട ഇരുവരെയും പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് റെയ്ഡ് തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കാണ് കരമന കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജില്‍ കഞ്ചാവ്, മയക്ക് മരുന്ന് കച്ചവടം നടക്കുന്നതായ വിവരം അറിഞ്ഞു നാര്‍കോട്ടിക് സെല്‍ വിഭാഗവും പോലീസും പരിശോധനക്കെത്തിയത്.
പോലീസിനെ കണ്ട് മുറിയിലുണ്ടായിരുന്ന നാലു യുവാക്കളില്‍ രണ്ടു പേര്‍ പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം രണ്ടാം നിലയിലേക്കു ചാടി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. ബോംബേറില്‍നിന്നു പോലീസുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആയുധങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതികളെ മയക്കുമരുന്നു കച്ചവടം.
മുറിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും മയക്ക് മരുന്നും നാല് തോക്കുകളും വെട്ടുകത്തികളും, അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. തോക്കുകള്‍ ജീവഹാനി വരുത്താന്‍ ശേഷിയുള്ളതല്ലെന്നു പോലീസ് പറഞ്ഞു. നെടുംകാട് യോഗീശ്വരാലയത്തില്‍ രജീഷ് (22) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളൊടൊപ്പം ഉണ്ടായിരുന്ന നേമം സ്വദേശിയായ പതിനേഴുകാരനെയും പോലീസ് പിടികൂടിയിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവും മയക്ക് മരുന്നും എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് രജീഷെന്ന് പോലീസ് പറഞ്ഞു. കോളജ് വിദ്യാര്‍ഥികളെയും കൗമാരക്കാരെയുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
Discussion about this post