തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുക എന്നതാണ് അഭികാമ്യമായ കാര്യം. അമ്മയ്ക്ക് നീതി ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകും. അസാധാരണമായ പരാതിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രില്‍ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് പേരൂര്‍ക്കട സ്വദേശിനി അനുപമ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആദ്യം പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം ആരംഭിച്ചിരുന്നു.
Discussion about this post