കൊച്ചി: ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്. സ്വപ്നയും സരിത്തും സന്ദീപ് നായരും സ്വര്‍ണം കടത്തുന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ച അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കേസില്‍ 29ാം പ്രതിയാക്കി. ശിവശങ്കര്‍ ചെയ്തത് ഗൗരവമായ കുറ്റമാണ്. 3000 പേജുളള കുറ്റപത്രം കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു.
കുറ്റപത്രമനുസരിച്ച് സരിത്താണ് കേസില്‍ മുഖ്യപ്രതി. 21 തവണ 169 കിലോ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി കടത്തിയ റമീസാണ് കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇതിനായി പണം നല്‍കിയത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളള പ്രതികളാണ്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സാമ്പത്തിക ലാഭമുണ്ടായതായോ പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നതിനും കണ്ടെത്താന്‍ തെളിവൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.
മംഗലാപുരം മുതല്‍ ഹൈദരാബാദ് വരെയുളളയിടങ്ങളില്‍ ഇങ്ങനെ കടത്തിയ സ്വര്‍ണം വിറ്റു. ഇവ പോയ വഴിയും വാങ്ങിയവരും ആരെല്ലാമെന്ന് തിരിച്ചറിഞ്ഞെങ്കിലും അവ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശിവശങ്കര്‍ പ്രതിസ്ഥാനത്ത് വന്നെങ്കിലും കോണ്‍സുലേറ്റിലെ അറ്റാഷെയോ കോണ്‍സുല്‍ ജനറലോ കേസില്‍ നിലവില്‍ പ്രതിയല്ല.
Discussion about this post