തിരുവനന്തപുരം: ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കി. സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള നികുതിയിലും തിയേറ്ററുകള്‍ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജിലും ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചു.
ഡിസംബര്‍ 31 വരെയുള്ള ഫിക്സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നല്‍കും. കോവിഡ് കാരണം തിയേറ്ററുകള്‍ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂര്‍ണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. ഒരു ഡോസ് വാക്സിനേഷന്‍ എടുത്തവരെയും തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തില്‍ തുടരും. ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തില്‍ ആലോചിച്ചു തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
ധനകാര്യസ്ഥാപനങ്ങളില്‍ തിയേറ്റര്‍ ഉടമകള്‍ക്കും സിനിമാ സംരഭകര്‍ക്കുമുള്ള ലോണ്‍ കടബാധ്യതകള്‍ തിരിച്ചടക്കുവാന്‍ മൊറട്ടോറിയം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേര്‍ക്കും. സിനിമാ ഷൂട്ടിങ്ങുകള്‍ക്ക് നിലവിലെ പൊതുമാനദണ്ഡങ്ങള്‍ പാലിക്കണം. സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി തിയേറ്ററുകള്‍ക്ക് പ്രത്യേക ധനസഹായ പാക്കേജ് നല്‍കുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. സാധാരണ തിയേറ്ററുകളില്‍ സ്‌ക്രീന്‍ വിഭജിക്കുമ്പോള്‍ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാന്‍ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍, ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്, വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.
Discussion about this post