തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. മൂന്നു കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയത്. റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മന്ത്രിസഭായോഗത്തില്‍ പാമോയില്‍ ഇറക്കുമതി പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്‍ദ്ദേശത്തില്‍ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിരുന്നു. പാമോയില്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഒന്നര മാസത്തോളം അന്നത്തെ ധനമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. 15 ശതമാനം സേവന നികുതി ഇളവ് അനുവദിക്കുന്നതിനെ കുറിച്ച് ഉമ്മന്‍ചാണ്ടിയ്ക്ക് അറിവുണ്ടായിരുന്നു. എന്നീ കാര്യങ്ങളാണ് കോടതി കണക്കിലെടുത്തത്. കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലാത്തതിനാല്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. തുടരന്വേഷണത്തില്‍ പുതിയ തെളിവുകളോ കൂടുതല്‍ പേരുടെ പങ്കോ കണ്ടെത്തിയില്ല. നിലവിലെ കുറ്റപത്രം അനുസരിച്ച് മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ളവരെ വിചാരണ ചെയ്യാവുന്നതാണെന്നും കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി ജഡ്ജി എസ്. ജഗദീശിന് മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. വി.എന്‍.ശശിധരനാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറില്‍നിന്ന് അനുമതി നേടിയശേഷമാണ് എസ്.പി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാമോയില്‍ ഇറക്കുമതി ചെയ്യണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിസഭ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. സിവില്‍സപ്ലൈസ്‌കോര്‍പ്പറേഷനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ പുതിയ പ്രതികളെ ചേര്‍ക്കാന്‍ കഴിയില്ല. ആര്‍ക്കെതിരെയും തെളിവില്ല. നിലവിലെ കുറ്റപത്രത്തില്‍ പറയുന്നതില്‍ കൂടുതലൊന്നും കണ്ടെത്താന്‍ തുടരന്വേഷണത്തിലൂടെ കഴിഞ്ഞില്ലെന്നും വിജിലന്‍സ് എസ്.പി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സിംഗപ്പൂരില്‍നിന്ന് പാമോയില്‍ ഇറക്കുമതിചെയ്തതിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു ഒന്നാംപ്രതി. അന്തരിച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാമാത്യു, സിവില്‍സപ്ലൈസ് മുന്‍ എം.ഡി. ജിജിതോംസണ്‍, പാമോയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ.തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.
Discussion about this post