തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയും പദവി ദുരുപയോഗം ചെയ്തു കേസുകളില്‍ സഹായിക്കുകയും ചെയ്ത ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. മോന്‍സനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
രേഖകള്‍ സഹിതം ക്രൈംബ്രാഞ്ച് അധികൃതര്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മണിനെതിരേ നടപടിയെടുക്കാന്‍ ഡിജിപി മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കി. ഇതിനു പിന്നാലെ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചത്.
മോന്‍സനെതിരായ 6.5 കോടിയുടെ തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോന്‍സന്റെ ഇഷ്ടക്കാരനായ സിഐ ശ്രീകുമാറിന് അന്വേഷണ ചുമതല കൈമാറാന്‍ ഐജി ലക്ഷ്മണ്‍ വഴിവിട്ട് ഇടപെട്ടതിനെത്തുടര്‍ന്ന് എഡിജിപി മനോജ് ഏബ്രഹാം ലക്ഷ്മണിന് മെമ്മോ നല്‍കുകയും ശാസിക്കുകയും ചെയ്തിരുന്നു.
ട്രാഫിക് ഐജിയായിരിക്കേ അധികാര പരിധിക്കു പുറത്തുള്ള വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു ശാസന. മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ലക്ഷ്മണനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹൈദരാബാദില്‍ നിന്ന് കോടികളുടെ നോട്ടുകള്‍ ഡല്‍ഹിയിലെത്തിക്കാനും കേസുകള്‍ ഒതുക്കാനും ഐജി ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സന്‍ അവകാശപ്പെടുന്ന വീഡിയോ- ഓഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മോന്‍സനെതിരേ പരാതി നല്‍കുന്നവരുടെ ഫോണ്‍ വിളി രേഖകള്‍ (സിഡിആര്‍) ശേഖരിച്ച് കൈമാറിയതിലും ഐജിക്ക് പങ്കുണ്ടെന്നാണ് സൂചന. ജീവനക്കാരെ സൂക്ഷിക്കണമെന്ന് ഐജി മോന്‍സന് മുന്നറിയിപ്പ് നല്‍കുന്ന ഓഡിയോ നേരത്തേ പുറത്തായിരുന്നു.
ഫോണ്‍ രേഖകള്‍ ദുരുപയോഗം ചെയ്യുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്.
Discussion about this post