കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഹരിത ചട്ട പാലനവും ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കും പ്രവേശനം നല്‍കുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കും. വെര്‍ച്വല്‍ ക്യൂ ഇത്തവണയുമുണ്ടാകും. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് സന്ദര്‍ശന സമയം തീരുമാനിക്കാം. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണം ഉത്സവനാളുകളില്‍ ശക്തമാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. കുടിവെള്ളവും വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ക്ഷേത്രത്തിനകത്ത് ഭക്ഷണ ശാലകള്‍ ഇത്തവണ ഒഴിവാക്കും. ജോലിയിലുള്ള പോലീസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്ഷണം ഒരുക്കും. ക്ഷേത്രത്തിനു പുറത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷണ ശാലകള്‍ നടത്താം. ഭക്ഷണ ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിലവിവരപട്ടിക സ്ഥാപിക്കും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയുമുണ്ടാകും.
ഉത്സവനാളുകളില്‍ കെ.എസ്.ആര്‍.ടി.സി. യുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പടെ നടത്തുന്ന പാര്‍ക്കിംഗ് ഏരിയകള്‍ക്ക് ഏകീകൃത ഫീസായിരിക്കും ഈടാക്കുക. പാര്‍ക്കിംഗ് നിരക്ക് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കും. 2021 ഡിസംബര്‍ 19 മുതല്‍ 30 വരെയാണ് ഉത്സവം നടക്കുക.
യോഗത്തില്‍ സബ് കളക്ടര്‍ പി. വിഷ്ണു രാജ്, എ.ഡി.എം എസ് ഷാജഹാന്‍, ക്ഷേത്ര ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post