കോട്ടയം: കൈക്കൂലി വാങ്ങിയതിന് പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റിലെ റെയ്ഡില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് അടുക്കളയിലും മറ്റുമായി സൂക്ഷിച്ച നിലയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെയും പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും രേഖകള്‍ വിജിലന്‍സ് കണ്ടെത്തി.
കോട്ടയത്തെ വ്യവസായിയില്‍ നിന്ന് കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ എം ഹാരിസ് വിജിലന്‍സ് പിടിയിലായത്. തുടര്‍ന്ന് വിജിലന്‍സ് സംഘം ഹാരിസിന്റെ ആലുവയിലെ ആഢംബര ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്.
ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലന്‍സ് സംഘം ആകെ കണ്ടെത്തിയത്. ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ഇത് ആദ്യമെന്ന് വിജിലന്‍സ് സംഘം പറയുന്നു. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച രേഖകള്‍, ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റര്‍, രണ്ടുലക്ഷം രൂപയുടെ ടിവി തുടങ്ങിയവയും ഫ്‌ലാറ്റില്‍ നിന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെടുത്തു.
ആലുവയിലെ ഫ്‌ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്‌ക്വയര്‍ ഫീറ്റിന്റെ വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെന്റ് വസ്തുവും വീടും ഉണ്ട്. അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തിരിക്കുന്നത്. ഫ്‌ലാറ്റിലെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും.
ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയില്‍ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു. ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Discussion about this post