ചെറുതോണി: ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ (22) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് നാലു പ്രതികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതായി കേസ് അന്വേഷിക്കുന്ന ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ജയന് അറിയിച്ചു.
ഒന്നാം പ്രതി യൂത്ത്കോണ്‍ഗ്രസ് വാഴത്തോപ്പു മണ്ഡലം പ്രസിഡന്റ് മണിയാറന്‍കുടി പീടികത്തറയില്‍ നിഖില്‍ പൈലി, രണ്ടാം പ്രതി വാഴത്തോപ്പ് ഇടയാല്‍ ജെറിന് ജോജോ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കട്ടപ്പന-ഇരുപതേക്കറിലെ താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിനു ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിച്ച് നിഖില്‍ പൈലിയെയും മറ്റു നാലു വിദ്യാര്‍ഥികളെയും പോലീസ് തിങ്കളാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post