കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരും. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.
കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവാ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് വാവാ സുരേഷിന്റെ ചികിത്സ പുരോഗമിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ അപകടത്തില്‍ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
Discussion about this post