തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. മോഷ്ടിച്ച വിനീതയുടെ മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കില്‍ നിന്നും ഓട്ടോയില്‍ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്‌കൂട്ടറില്‍ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയില്‍ കയറി പേരൂര്‍ക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവരാണ് പൊലീസിന് വിവരം കൈമാറിയത്.













