തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. മലയാള സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അവര്‍ മലയാളികളുടെ അമ്മയും സഹോദരിയുമെല്ലാമായി മാറിയാണ് നമ്മെ വിട്ടുപോയത് എന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെപിഎസി ലളിത, നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയ ജീവിതകളിലൂടെ മലയാളത്തിന്റെ മഹാനടിമാരില്‍ ഒരാളായി മാറി. തേന്‍മാവിന്‍കൊമ്പത്തിലെ ചെറിയ വേഷം പോലും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ലളിത ചേച്ചിയുടെ അഭിനയപാടവം തന്നെയാണ്. അവരുടെ വിയോഗത്തില്‍ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.45നാണ് അന്തരിച്ചത്. അഞ്ചു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായിരുന്നു. നാടകരംഗത്തിലൂടെ കലാലോകത്ത് എത്തിയ ലളിത വെള്ളിത്തിരയില്‍ വന്നതോടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചിട്ടുണ്ട്.
Discussion about this post