കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സമരം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഇന്നും നാളെയും അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള ലീവായി കണക്കാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് നിയമവിരുദ്ധമാണെന്നും തടയണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
48 മണിക്കൂര്‍ സമരം ആദ്യ പന്ത്രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ പലയിടത്തും അക്രമമുണ്ടായി. ജോലിക്കെത്തിയവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങള്‍ പോലും സമരക്കാര്‍ തടഞ്ഞു. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post