തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്ട്രോള്‍ രോഗബാധയെ (ഫെമിലിയല്‍ ഹൈപ്പര്‍കൊളസ്റോമിയ) കുറിച്ചുളള പഠനത്തിനാണ് നേട്ടം. കാര്‍ഡിയോളജി വിഭാഗത്തിന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിന്റെ (എന്‍.ഐ.എച്ച്) കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്റെ (എന്‍.സി.ബിഐ) പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന് ഇത്തരമൊരു നേട്ടം. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ.സുനിത വിശ്വനാഥന്, പ്രൊഫ.ശിവപ്രസാദ്, പ്രൊഫ.ബി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പഠനം. 50 വയസിന് താഴെയുളള പുരുഷന്മാരിലും 60 വയസിന് താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണ് പാരമ്പര്യ കൊളസ്ട്രോള്‍ രോഗം. ഇതുമായി ബന്ധപ്പെട്ട് 54 മലയാളി ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ പത്തൊമ്പതോളം ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒമ്പത് ജനിതക വ്യതിയാനങ്ങള്‍ ഇന്ത്യയില്‍നിന്ന് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരെണ്ണം ലോകത്തുതന്നെ ആദ്യമായി കണ്ടുപിടിക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ 30 വയസുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്. ചെറുപ്പക്കാരെ ബാധിക്കുന്ന ഹൃദ്രോഗ കാരണങ്ങളിലേക്കുള്ള തുടര്‍ ഗവേഷണത്തിനുള്ള നാഴികക്കല്ലുകൂടിയാണ് പുതിയ ഗവേഷണഫലം വെളിവാക്കുന്നത്.
Discussion about this post