തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍(99) അന്തരിച്ചു. നൂറു വയസ് തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയായിരുന്നു അന്ത്യം. വീഴ്ചയെത്തുടര്‍ന്ന് ഒരുമാസമായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.45നാണ് വിടവാങ്ങിയത്. 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
1922 ജൂലൈ ഏഴിന് നെയ്യാറ്റിന്‍കരയിലാണ് ജനനം. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വച്ച് അടുത്തുനിന്നു കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താണ് പി. ഗോപിനാഥന്‍ നായര്‍ ഗാന്ധിമാര്‍ഗത്തിലെത്തിയത്. കോളെജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി.
1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഉന്നതതല കര്‍മസമിതി അംഗമാണ്.
സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചുമാണ് തന്റെ ജീവിതം മുന്നോട്ട് പോയത്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് രാജ്യം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ഗോപിനാഥന്‍ നായര്‍ മൂന്നുവര്‍ഷമായി നെയ്യാറ്റിന്‍കരയിലെ നാരായണീയം എന്ന വീട്ടിലാണ് ഭാര്യ സരസ്വതിയമ്മയ്ക്ക് ഒപ്പം താമസം.
സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തില്‍ സിഖ്-ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ചതും ഗോപിനാഥന്‍ നായരാണ്.
ഭൗതിക ശരീരം രാവിലെ ഒന്‍പതു മുതല്‍ പത്തു വരെ നിംസ് ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര ടി.ബി. ജങ്ഷനിലെ വസതിയായ നാരായണി മന്ദിരത്തില്‍ കൊണ്ടുവരും. വൈകിട്ടു നാലിനു തൈക്കാട് ഗാന്ധി ഭവനില്‍ പൊതുദര്‍ശനം. തൈക്കാട് ശാന്തികവാടത്തില്‍ നാലരയ്ക്ക് സംസ്‌കാരം നടത്തും.













