ശബരിമല: ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ചു. പൂര്‍ണമായ അറ്റകുറ്റപ്പണി 22ന് ആരംഭിച്ച് ചിങ്ങമാസ പൂജകള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കും.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് ചോര്‍ച്ച പരിശോധന ആരംഭിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, കമ്മിഷണര്‍ ജി. ബൈജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്, ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍, സ്ഥപതി എം.കെ രാജു, ശില്‍പ്പികളായ പളനി ആചാരി, ആനന്ദന്‍ ആചാരി എന്നിവര്‍ നേതൃത്വം നല്‍കി.
ചെമ്പ് പാളികള്‍ക്കു മുകളില്‍ സ്വര്‍ണപ്പാളി ഉറപ്പിച്ച ആണികള്‍ ദ്രവിച്ചതിനാലാണ് ചോര്‍ച്ചയുണ്ടായത്. മേല്‍ക്കൂരയുടെ കിഴക്കുഭാഗത്ത് കോടിക്കഴുക്കോല്‍ വഴി വെള്ളം ചോര്‍ന്ന് ഭിത്തിയിലേക്ക് നനവുമുണ്ടായി. ആദ്യം മേല്‍ക്കൂരയ്ക്ക് അടിയിലെ ഒരു ചെമ്പ് പാളി ഇളക്കി. പിന്നീട് നാല് സ്വര്‍ണപ്പാളികള്‍ ഇളക്കി പുതിയ ആണികള്‍ കൊണ്ട് ഉറപ്പിച്ചു. മേല്‍ക്കൂര മുഴുവന്‍ ടാര്‍പ്പാളിന്‍ മൂടി. സ്വര്‍ണപ്പാളികളിലെ വിടവിലൂടെ ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ പശ ഉപയോഗിക്കും.
മേല്‍ക്കൂരയിലെ ചെമ്പുപാളിക്കോ തടിക്കോ കേടില്ല. കാലപ്പഴക്കം കാരണമാണ് ചോര്‍ച്ചയെന്നാണ് നിഗമനം. 1997ല്‍ ശ്രീകോവില്‍ സ്വര്‍ണം പൂശിയ ശേഷം നവീകരണം നടന്നിട്ടില്ല. മേല്‍ക്കൂരയിലെ കഴുക്കോലിന് മുകളില്‍ പലക ഉറപ്പിച്ച് ചെമ്പ് പാളി അടിച്ചതിനു ശേഷമാണ് സ്വര്‍ണം പൊതിഞ്ഞിട്ടുള്ളത്.













